സ്ഥാനാർത്ഥിക്ക് ചിഹ്നം ലഭിക്കാൻ രാഷ്ട്രീയ പാർട്ടിയുടെ ശിപാർശക്കത്ത് 24ന് 3 മണി വരെ
സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയ പാർട്ടി ഭാരവാഹികളുടെ ശിപാർശ കത്ത് നവംബർ 24ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നൽകിയാൽ മതിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയായ നവംബർ 24ന് വൈകിട്ട് മൂന്നു മണി കഴിഞ്ഞാണ് വരണാധികാരി സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്. തുടർന്നാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും ചിഹ്നങ്ങളുടെയും പട്ടിക വരണാധികാരി ഫാറം ആറില്‍ പ്രസിദ്ധീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഏജന്റ്
മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാർത്ഥികൾക്ക് ഓരോ തെരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചു കൊണ്ടുള്ള ഫാറം എട്ടിലുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാം.
നിക്ഷേപ തുക പണമായി നൽകാം
നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട നിക്ഷേപതുക വരണാധികാരിക്ക് പണമായി നൽകാം. കൂടാതെ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും, ട്രഷറിയിലും തുക അടയ്ക്കാം.

