കാലിക്കറ്റ് സര്‍വകലാശാലയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ക്യാമ്പസായി സാഫി കോളേജ്
വാഴയൂരിലെ സാഫി കോളേജ് ക്യാംപസ് കാലിക്കറ്റ് സര്‍വകലാശാലയിലെ, ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ക്യാംപസായി. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം സംസ്ഥാന മിഷന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രഖ്യാപനം നിര്‍വഹിച്ചു. സാഫി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ. പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ ബഹുമതി പത്രം ഏറ്റുവാങ്ങി.
2021 ല്‍ കൊണ്ടോട്ടി ബ്ലോക്ക് നടപ്പാക്കി തുടങ്ങിയ കുളിര്‍മ പദ്ധതിയില്‍ സാഫി ക്യാംപസിനെ കാര്‍ബണ്‍ ന്യൂട്രല്‍ ക്യാംപസാക്കി മാറ്റുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഹരിത കേരള മിഷന്റെ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയില്‍ വാഴയൂര്‍ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തി സാഫി ക്യാംപസിനെ കാര്‍ബണ്‍ ന്യൂട്രല്‍ ക്യാമ്പസ്സാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു അധ്യക്ഷത വഹിച്ച പരിപാടിയില്‍, വിവിധ ബോധവത്ക്കരണ പ്രഭാഷണങ്ങളും അവതരണങ്ങളും നടന്നു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹിമാന്‍ കുളിര്‍മ പ്രോജകട് വിശദീകരിച്ചു, ഹരിത കേരള മിഷന്‍ സ്റ്റേറ്റ് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എസ്.യു. സഞ്ജീവ് നെറ്റ് സീറോ കാര്‍ബണ്‍ പ്രോജക്റ്റ് അവതരിപ്പിച്ചു. വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. പി. സീമ ഹരിത കേരളം മിഷന്റെ സന്ദേശം കൈമാറി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റസീന, വഴയൂര്‍ പഞ്ചായത്ത് 8-ാം വാര്‍ഡ് അംഗം കെ.പി. രാജന്‍, സാഫി അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ കേണല്‍ നിസാര്‍ അഹമ്മദ് സീതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ഷെംലി എന്നിവരും അധ്യാപകരും അനധ്യാപകരും എന്‍.എസ്.എസ് വോളണ്ടിയേഴ്‌സും, ഉദ്യോഗസ്ഥരും പങ്കെടുത്തു.

