ഉള്ളിയേരി ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്തു
ആരോഗ്യ കേരളത്തിന്റെ ഉദാത്ത മാതൃകകളില്‍ ഒന്നായി ഉള്ളിയേരി ആയുര്‍വേദ ഡിസ്‌പെന്‍സറി മാറിയതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നവീകരിച്ച ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്പന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യമുള്ള ജനതയോടൊപ്പം തന്നെ ആരോഗ്യമുളള സംവിധാനവും ആയുര്‍വേദ മേഖലയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ ഗുണമേന്മക്കുള്ള എന്‍.എ.ബി.എച്ച് അംഗീകാരം നേടിയതില്‍ ജീവനക്കാരെ മന്ത്രി അനുമോദിച്ചു.
കക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരിച്ചത്. ചടങ്ങില്‍ കെ എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷനായി. ഔഷധ സസ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത, വൈസ് പ്രസിഡന്റ് എം ബാലരാമന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആലങ്കോട് സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ടി സുകുമാരന്‍, ചന്ദ്രിക പൂമഠത്തില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി സിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

