കിഴക്കേ കല്ലട സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു
പട്ടയ ഗുണഭോക്താക്കളുടെ വാർഷിക വരുമാനപരിധി ഒരു ലക്ഷത്തിൽ നിന്ന് 2.5 ലക്ഷം രൂപയായി ഉയർത്തിയെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. കിഴക്കേ കല്ലട സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2,33,947 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി. സംസ്ഥാനത്ത് 1542 വില്ലേജ് ഓഫീസുകളുടെ ആധുനികവൽക്കരണ പ്രവർത്തനങ്ങൾ തുടരുന്നു. 606 വില്ലേജ് ഓഫീസുകളുടെ നവീകരണം പൂർത്തിയായി. ഡിജിറ്റൽ റീസർവേ നടപടികളിലൂടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങൾ ‘എന്റെ ഭൂമി’ എന്ന ഒറ്റ പോർട്ടലിൽ ലഭ്യമാക്കി. റവന്യൂ വകുപ്പിൻ്റെ എല്ലാ സേവനങ്ങളും ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായി ഇ-സംവിധാനം പൂർണമായും നടപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി.

