പഠിക്കാനൊരിടം, പഠിപ്പിക്കാൻ ട്യൂട്ടര്‍! പാലിയണ ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനമുറി തയ്യാർ
പാലിയണ ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനമുറി തയ്യാർ. ഉന്നതിയിൽ പുനരധിവസിപ്പിച്ച 38 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പഠിക്കാൻ ഒരിടവും പഠിപ്പിക്കാൻ ട്യൂട്ടറേയും ഒരുക്കിയിരിക്കുന്നത്. പഠനമുറി ഉദ്ഘാടനം പട്ടികജാതി – പട്ടിക വർഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിച്ചു. സ്കൂളിൽ പഠിച്ച പാഠ്യഭാഗങ്ങൾ വീണ്ടും കുട്ടികളെ പഠിപ്പിക്കാനും കൃത്യമായ പഠനരീതി പരിശീലിപ്പിക്കുന്നതിനും അവസരമൊരുക്കുകയാണ് പഠന മുറിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ട്യൂഷൻ, പഠന സാമഗ്രികളുടെ വിതരണം, ലഘുഭക്ഷണം, കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യം, പുസ്‌തകങ്ങൾ എന്നിങ്ങനെയുള്ള അധിക സൗകര്യങ്ങൾ സാമൂഹ്യ പഠനമുറിയിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉന്നതികളിലെ അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കളെ ട്യൂട്ടർമാരായി തെരഞ്ഞെടുത്ത് പഠനമുറികളിൽ നിയമിക്കും. വൈദ്യുതി, കുടിവെള്ളം ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഇവിടെ സജ്ജമാണ്. ഇതിനുപുറമെ ഉന്നതി നിവാസികളുടെ കലാ-സാംസ്‌കാരിക ഉന്നമനത്തിനും അവര്‍ക്ക് ഒത്തുചേരാനുള്ള ഒരിടമായിട്ടുകൂടിയാണ് കെട്ടിടം നിർമ്മിച്ചത്. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് 971 ച.മീറ്റർ വിസ്തീർണത്തിൽ ജില്ലാ നിർമ്മിതി കേന്ദ്രം കെട്ടിടനിർമ്മാണം പൂർത്തികരിച്ചത്. ഓഫീസ് റൂം, ടോയ്ലറ്റ്, വരാന്ത, സ്റ്റയർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ആരോഗ്യ- വിദ്യാഭ്യാസ-സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്‍പേഴ്സൺ പി. കല്യാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ബാലൻ വെള്ളരിമ്മൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം.മജീദ്, അസിസ്റ്റന്റ്ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ടി.കെ മനോജ്, ജില്ലാ നിർമിതി കേന്ദ്ര എക്സ്ക്യൂട്ടീവ് സെക്രട്ടറി ഒ.കെ സാജിത്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, നാട്ടുകാർ, ഉന്നതി നിവാസികൾ എന്നിവർ പങ്കെടുത്തു.

