എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
ഒരാളും രോഗത്തിന് മുന്നിൽ നിസഹായരാവരുത് എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്. എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളുടെ അടിസ്ഥാന വികസനമായിരുന്നു ആർദ്രം മിഷൻ ഒന്നാം ഘട്ടത്തിന്റെ ലക്ഷ്യം. എന്നാൽ ഈ സൗകര്യങ്ങളോടൊപ്പം തന്നെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ആർദ്രം മിഷൻ രണ്ടാം ഘട്ടം ലക്ഷ്യമിട്ടത്. ഒരുപരിധി വരെ അത് നടപ്പിലാക്കാൻ ഈ സർക്കാരിന് സാധിച്ചു. ജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കുകയും അത് ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഹെല്‍ത്ത് ഗ്രാന്റിൽ ഉള്‍പ്പെടുത്തി 5.75 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഒ പി, ഫാർമസി, വിഷൻ സെന്റർ, അഡോളസൻസ് കൗൺസിലിംഗ് സെന്റർ, പബ്ലിക് ഹെൽത്ത് യൂണിറ്റ് എന്നീ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ സജ്ജമാക്കും. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ പി.കെ. ബഷീര്‍ എംഎല്‍.എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുക്കിയ ഷംസു, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്ലം മാസ്റ്റര്‍, സ്ഥിരം സമിതി അംഗങ്ങളായ കെ.സി. ഗഫൂര്‍ ഹാജി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ റൈഹാനത്ത് കുറുമാടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനീറ സമദ്, ഹരിദാസ് പുല്പറ്റ, മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍. രേണുക, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ. ഷിബുലാല്‍, ബ്ലോക്ക് ബി.ഡി.ഒ. കെ.എസ്. ഷാജു, എടവണ്ണ ബി.എച്ച്.എസ്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. സുരേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദേശവാസികൾക്ക് വേണ്ടി സംഗീത വിരുന്നും സംഘടിപ്പിച്ചു.

