
ജനം ഒപ്പം നിന്നാൽ ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല: മുഖ്യമന്ത്രി
* പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തും
* ജനങ്ങൾക്ക് wayanadtownship. kerala.gov.in പോർട്ടൽ വഴി പുനരധിവാസത്തിൽ പങ്കാളിയാകാം
ജനം ഒപ്പം നിൽക്കുകയും സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്താൽ ഒരു വെല്ലുവിളിക്കും ദുരന്തങ്ങൾക്കും കേരളത്തെ തോൽപ്പിക്കാനാകില്ല എന്നതാണ് വയനാട് പുനരധിവാസം നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കഴിഞ്ഞ വർഷം ഉണ്ടായ വൻ പ്രകൃതി ദുരന്തം ബാധിച്ചവർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വയനാട് പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനം ഒപ്പം നിൽക്കുകയും സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്താൽ ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. ഒരു വെല്ലുവിളിക്കും നമ്മെ തകർക്കാനാകില്ല. ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ല എന്നതാണ് വയനാട് പുനരധിവാസം നൽകുന്ന സന്ദേശം.