
ഹാപ്പിനസ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേള: 35 സിനിമകള്‍ പ്രദര്‍ശിപ്പിക്കും
ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദ ഓള്‍ഡ് ഓക്ക്, ഫാളന്‍ ലീവ്‌സ്, ദ പ്രോമിസ്ഡ് ലാന്‍ഡ് ഉള്‍പ്പെടെ 35 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ സിനിമകളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീല്‍, ക്ലാസ്സിക് തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുക. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. ഐ എഫ് എഫ് കെയില്‍ പ്രേക്ഷകപ്രീതി നേടിയ ഗുഡ്‌ബൈ ജൂലിയ, എന്‍ഡ്‌ലെസ് ബോര്‍ഡേഴ്‌സ്, തടവ്, ആപ്പിള്‍ ചെടികള്‍, നീല മുടി, ഷെഹരസാദേ, വലാസൈ പറവകള്‍, ഫെസിറ്റേഷന്‍ വൂണ്ട്, ദ മങ്ക് ആന്‍ഡ് ഗണ്‍, ദായം തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും.
മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 11ന് രാവിലെ 11 മണിക്ക് ആരംഭിക്കും. പൊതു വിഭാഗത്തില്‍ 354 രൂപയും വിദ്യാര്‍ഥികള്‍ക്ക് 177 രൂപയുമാണ് ഡെലിഗേറ്റ് നിരക്ക്. iffk.in എന്ന വെബ്‌സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്താം. ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന് മേളയുടെ മുഖ്യ വേദിയായ തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിന് സമീപത്തെ സംഘാടകസമിതി ഓഫീസില്‍ ബന്ധപ്പെടാം.
12ന് ടൂറിങ് ടാക്കീസ് പര്യടനം പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്യും. എം ടി, മധു@90 എന്ന പേരില്‍ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെയും നടന്‍ മധുവിന്റെയും ചലച്ചിത്ര ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളുടെ എക്‌സിബിഷനും കലാപരിപാടികളും മേളയില്‍ നടക്കും. തളിപ്പറമ്പ് പ്രസ്സ് ഫോറത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ എം എല്‍ എ, സംഘാടക സമിതി ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സിനിമ സംവിധായകന്‍ ഷെറി ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.