‘പദവി ഏറ്റെടുക്കാനാവില്ല’: നിയമനം റദ്ദാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ബി.അശോക്
തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനായി തന്നെ നിയമിച്ച നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും നിയമന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കത്തയച്ചു. തന്നെ സെക്രട്ടേറിയറ്റിനു പുറത്തുള്ള തസ്തികയിലേക്കു മാറ്റിയ സർക്കാരിനെതിരെ നിയമപോരാട്ടത്തിനുറച്ചുള്ള നീക്കമാണ് അശോകിന്റേത്. നിയമനം റദ്ദാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ കോടതിയെ അശോക് സമീപിച്ചേക്കും.
ഐഎഎസ് കേഡറിനു പുറത്തുള്ള പദവിയിൽ നിയമിക്കുമ്പോൾ ഉദ്യോഗസ്ഥനിൽനിന്നു മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തന്റെ കാര്യത്തിൽ പാലിച്ചില്ല. ഭരണസർവീസിൽ സുപ്രധാന ചുമതല വഹിക്കുന്ന, കേഡർ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. സ്വതന്ത്ര സ്ഥാപനമായ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷപദം കേഡറിനു പുറത്തുള്ളതാണ്. അത് ഏറ്റെടുക്കാനാവില്ല.
തദ്ദേശ വകുപ്പിൽ 4 മാസം മാത്രമേ താൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒട്ടേറെ ഐഎഎസ് ഉദ്യോഗസ്ഥർ സർവീസിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദവി ഏറ്റെടുക്കാനാവില്ലെന്ന് അശോക് വ്യക്തമാക്കിയതോടെ, ഐഎഎസ് തലപ്പത്ത് പോര് മുറുകി. ഏതാനും ആഴ്ചകൾക്കിടെ സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിക്കു കത്തയയ്ക്കുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് അശോക്. അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന്റെ പേരിൽ തന്നെ സസ്പെൻഡ് ചെയ്തത് അനീതിയാണെന്നു കാട്ടി ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത് നേരത്തേ രംഗത്തുവന്നിരുന്നു.