കൂട്ടഅവധി; സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്
പണിമുടക്കിയ ജീവനക്കാരെ എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു. സമരം ചെയ്ത 25 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഒരു ന്യായവുമില്ലാതെ മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ഉദ്യോഗസ്ഥർ ജോലിയിൽ നിന്നും വിട്ടുനിന്നുവെന്നാണ് ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ കമ്പനി പറയുന്നത്. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പൈലറ്റുമാരടക്കം മുന്നൂറോളം കാബിൻ ക്രൂ അംഗങ്ങളാണ് കഴിഞ്ഞ ദിവസം രോഗാവധി (സിക്ക് ലീവ്) നൽകി മിന്നൽ പണിമുടക്ക് നടത്തിയത്. ഇവർ മൊബൈൽ ഫോണുകളും ഓഫ് ചെയ്തുവച്ചു. സേവന, വേതന വ്യവസ്ഥയിൽവന്ന മാറ്റങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ഇതുമൂലം നൂറ് വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോർട്ട്.
അതേസമയം ജീവനക്കാരുടെ പണിമുടക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുകയാണ്. കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ഗൾഫ് സർവീസുകൾ ഉൾപ്പെടെ തൊണ്ണൂറിലേറെ ആഭ്യന്തര, വിദേശ വിമാനങ്ങൾ മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി.