ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റ് രൂപപ്പെടും, സംസ്ഥാനത്ത് ഇന്ന് മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി. ബംഗാള്‍ ഉള്‍ക്കടലില്‍ ഉടൻ ഹമൂണ്‍ ചുഴലിക്കാറ്റ് രൂപപ്പെടും.
കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 3.0 മീറ്റര്‍ വരെയും തെക്കൻ തമിഴ്നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കരൈ വരെ) രാത്രി 11.30 വരെ 1.2 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.