ഉന്നാവോ പീഡനക്കേസ്; വിചാരണ ഡൽഹിയിലേക്ക് മാറ്റുന്നു
ന്യൂഡൽഹി : ഉന്നാവോ കേസ് ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദ്ദേശം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചീഫ് ജസ്റ്റിസിനയച്ച കത്ത് പരിഗണിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പിന്നീട് ഉണ്ടാവുമെന്ന് ചീഫ് ജസ്റ്റിസ് കോടതിയില്‍ അറിയിച്ചു.
ഉന്നാവോ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉച്ചയ്ക്ക് മുന്‍പ് കോടതിയില്‍ ഹാജരാക്കണമെന്ന് സിബിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.കേസ് അടുത്ത ദിവസത്തേയ്ക്ക് മാറ്റിവയ്ക്കണമെന്ന സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥന നിരസിച്ചാണ് കോടതി നടപടികളിലേക്ക് കടന്നത്.