"ഓപ്പറേഷൻ ഈഗിൾ വാച്ച് "; സ്കൂളുകളിൽ വിജിലൻസ് റെയ്ഡ്, ഒരു ലക്ഷം രൂപ പിടിച്ചെടുത്തു
തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി തിരഞ്ഞെടുത്ത 45 ഓളം എയ്ഡഡ് സ്കൂളുകളിലും 15 ഓളം എഡ്യൂക്കേഷണൽ ഓഫീസുകളിലും (DEO/AEO) വിജിലൻസിന്റെ മിന്നൽ പരിശോധന. ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ - എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി പി.ടി.എ ഫണ്ട് ,ബിൽഡിംഗ് ഫണ്ട് തുടങ്ങിയ പേരുകളിൽ വൻ തുകകൾ രസീതുകൾ നൽകിയും ചിലയിടങ്ങളിൽ നൽകാതെയും പിരിച്ചെടുക്കുന്നതായും ഉള്ള പരാതിയെത്തുടർന്നാണ് വിജിലൻസ് റെയ്ഡ് .
റെയ്ഡിൽ കണക്കിൽപ്പെടാത്ത ഒരു ലക്ഷത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു. ഹയർ സെക്കണ്ടറി മലപ്പുറം ഉപമേഖല ഡയറക്റ്ററുടെ ഓഫീസിൽ നിന്നാണ് പണം പിടികൂടിയത്.