കാണാതായ 18 കാരന്റെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തിയതില്‍ ദുരൂഹത
കരുനാഗപ്പള്ളി: കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ചവറ ശങ്കരമംഗലം മെമ്ബര്‍ നാരായണ പിള്ള കോളേജ് വിദ്യാര്‍ത്ഥിയും അമൃതപുരി പറയകടവ് കല്ലുമ്മൂട്ടില്‍ വീട്ടില്‍ സുജിചന്ദ്രന്‍ - പ്രവീണ ദമ്ബതികളുടെ മകനുമായ ഏകനാഥി(18)ന്റെ മരണത്തിലാണ് സംശയമുണര്‍ത്തി ബന്ധുക്കള്‍ രംഗത്തെത്തിയത്. ആരെങ്കിലും അപായപ്പെടുത്തിയതാവെമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഏകനാഥിന് യാതൊരു പ്രശ്നങ്ങളും കാണാതാകുന്നത് വരെയുണ്ടായിരുന്നില്ല. ആര്‍മിയില്‍ ചേരണമെന്നുള്ള അതിയായ ആഗ്രഹത്തിന്റെ ഭാഗമായാണ് പുലര്‍ച്ചെ ഓടാനായി പോയതും. അമൃതാനന്ദമയി മഠത്തിന്റെ ഗേറ്റിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. ഓടാന്‍ പോകുന്ന ഒരാള്‍ എങ്ങനെയാണോ പോകുന്നത് ആ രീതിയിലാണ് ഏകനാഥ് പോകുന്നത്. അതിനാല്‍ ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബന്ധുക്കള്‍ ഉന്നയിക്കുന്ന സംശയം പുലര്‍ച്ചെ പോകുന്ന വഴിയില്‍ അരുതാത്ത കാഴ്ച എന്തെങ്കിലും കാണാനിടയായിപ്പോള് ആരെങ്കിലും അപായപ്പെടുത്തിയതാവാമെന്നാണ്.
മാതാ അമൃതാനന്ദമയി മഠത്തിന് മുന്‍ വശമാണ് ഏകനാഥിന്റെ വീട്. ഇവിടുത്തെ സിസിടിവിയില്‍ മാത്രമേ സവാരിക്കായി പോകുന്ന ദൃശ്യം ലഭിച്ചിട്ടുള്ളൂ. മറ്റ് സ്ഥലങ്ങളില്‍ സിസിടിവി ഇല്ല. അതിനാല്‍ എങ്ങനെയാണ്, എവിടെ വച്ചാണ് അപകടം സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ല. ഇതിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍, ലാപ്ടോപ്പ് അടക്കമുള്ളവ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.