'തദ്ദേശതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല'; തിരഞ്ഞെടുപ്പ് കമ്മിഷന്
കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്. തിരഞ്ഞെടുപ്പ് തിരക്കിട്ട് നടത്തില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തിരഞ്ഞെടുപ്പ് നടത്തൂ. വിജ്ഞാപനവും തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും കമ്മിഷന് അറിയിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് റാഫി കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഇങ്ങനെ അറിയിച്ചത്.
രോഗം പടരുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് ബോദ്ധ്യമുണ്ടെന്നും ഹര്‍ജി തളളണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയെ കുറിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.