ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ കേസ്; മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: ഇരട്ടവോട്ട് തടയാന്‍ മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയാറാക്കി പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കും. പട്ടികയിലുള്ളവര്‍ വോട്ടുചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം. ഒന്നിലധികം വോട്ടുകള്‍ ആരെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കാനും നിര്‍ദേശം ഉണ്ട്.
എല്ലാ വോട്ടര്‍മാരുടെയും കൈവിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമെ പോളിങ് ബൂത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കാവൂ. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും വരാണാധികാരികള്‍ക്കും കൈമാറി. ഇരട്ടവോട്ടുള്ളയാള്‍ എത്തിയാല്‍ ഒപ്പും പെരുവിരല്‍ അടയാളവും എടുക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോ എടുക്കുകയും സൂക്ഷിക്കുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഇരട്ടവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.