ചൈനയില്‍ 89 ശതമാനം കോവിഡ് ബാധിതരും രോഗമുക്തി നേടി
ബെയ്ജിങ്: ലോകത്താകമാനം കോവിഡ് 19 ഭീതി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആശാവഹമായ റിപ്പോര്‍ട്ടാണ് ചൈനയില്‍ നിന്ന് വരുന്നത്. ചൈനയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 89 ശതമാനത്തോളം പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. ചൈനയുടെ ദേശീയ ആരോഗ്യ കമീഷന് തിങ്കളാഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊറോണ വൈറസ് ബാധ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ഞായറാഴ്ച അര്‍ദ്ധരാത്രി വരെ 81,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 72,703 പേരും രോഗ മുക്തരായിട്ടുണ്ട്. 3270 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 5,120 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 1749 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 136 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുമുണ്ട്.
കൊറോണ വൈറസ് ബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട ഹുബെ പ്രവിശ്യയില്‍ ഞായറാഴ്ച കോവിഡ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. വുഹാനില്‍ നിന്നുള്ള 434 പേരുള്‍പ്പെടെ 447 പേര് രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.