കാനറ ബാങ്കില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം തട്ടിയെടുത്തു; പ്രതി പിടിയില്‍
പത്തനംതിട്ട: കാനറ ബാങ്കില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. കൊല്ലം ആവണീശ്വരം സ്വദേശിയും ബാങ്ക് ജീവനക്കാരനുമായിരുന്ന വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്.
ബംഗളൂരുവില്‍ നിന്ന് ഇന്നലെ വൈകുന്നേരമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയ്ക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു.
പത്തനംതിട്ട കാനറ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്.
10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയില്‍ ഫെബ്രുവരി 11-നാണ് ബാങ്ക് അധികൃതര്‍ പരിശോധന ആരംഭിച്ചത്.
ഫെബ്രുവരി മുതല്‍ വിജീഷ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവിലായിരുന്നു. ഇയാളെ ഇന്ന് പത്തനംതിട്ടയില്‍ എത്തിക്കും. മൂന്നുദിവസം മുമ്ബാണ് പത്തനംതിട്ടയില്‍ നിന്ന് പൊലീസ് സംഘം ബംഗളുരുവിലേക്ക് പുറപ്പെട്ടത്.
ഇന്നലെ രാവിലെ ഇയാള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയ അന്വേഷണസംഘം വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.