സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍: സിനിമ നിര്‍മിക്കാന്‍ പണം വാങ്ങി പറ്റിച്ചെന്ന് കേസ്
ആലപ്പുഴ: സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍. സാമ്ബത്തിക തട്ടിപ്പ് കേസില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയത്.
സിനിമ നിര്‍മിക്കാനായി ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാര്‍ മേനോന് ഈ വ്യവസായ ഗ്രൂപ്പില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ സിനിമ നിര്‍മിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
നേരത്തേ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് എം ടി വാസുദേവന്‍ നായര്‍, രണ്ടാമൂഴം എന്ന തന്റെ നോവലിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന് സിനിമയാക്കുന്നത് തടയണമെന്നും, തിരക്കഥ തിരിച്ചുതരണമെന്നും കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരക്കഥ സിനിമയാകുന്നില്ലെന്ന് കാണിച്ചാണ് എംടി നിയമയുദ്ധത്തിനൊരുങ്ങിയത്. ഒടുവില്‍, ഒത്തുതീര്‍പ്പ് വ്യവസ്ഥയിലാണ് ആ കേസ് അവസാനിച്ചത്. രണ്ടാംമൂഴം തിരക്കഥ എംടിക്ക് തന്നെ തിരിച്ചുനല്‍കും, ശ്രീകുമാര്‍ മേനോന് നല്കിയ അഡ്വാന്‍സ് തുക എംടിയും തിരിച്ചുനല്‍കും. കോടതികളിലുള്ള കേസുകള്‍ ഇരുവരും പിന്‍വലിക്കും. ഇതായിരുന്നു ഒത്തുതീര്‍പ്പ് വ്യവസ്ഥ.
നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയില്‍ 2019 ഡിസംബര്‍ 5-ന് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്നതുള്‍പ്പെടെയുളള മഞ്ജുവിന്റെ പരാതിയിലെ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.