കോവിഡ്; ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചത്. വൈറ്റ് ഹൗസില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം ട്രംപിന് നേരിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അടുത്ത ഏതാനും ദിവസങ്ങളില്‍ ആശുപത്രിയിലിരുന്ന് ട്രംപ് ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.
ട്രംപിന്റെ ഉപദേശക ഹോപ് ഹിക്സിന് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ സ്രവ പരിശോധനയിലാണ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊറോണ പോസിറ്റീവായത്. ഹിക്സിന്റെ കൊറോണ പരിശോധനാ ഫലം പോസിറ്റീവായതിന് പിന്നാലെ ട്രംപും മെലാനിയയും നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.