90 ദിവസം കൂടി പരോള്‍ അനുവദിക്കണം ; ജയിലുകളിലെ തിരക്ക് ഒഴിവാക്കണമെന്നും സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവിറക്കി സുപ്രീം കോടതി. ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി . അതെ സമയം നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്.
പുറത്തിറങ്ങാന്‍ കഴിയുന്ന തടവുകാര്‍ക്ക് ലോക്ഡൗണ്‍, കര്‍ഫ്യൂ എന്നിവയുടെ പശ്ചാത്തലത്തില്‍ യാത്ര സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു. ജാമ്യത്തിലോ, പരോളിലോ വിടാന്‍ കഴിയാത്തവര്‍ക്ക് മെച്ചപ്പെട്ട വൈദ്യ സഹായവും ചികത്സയും ഉറപ്പാക്കണം. ജയില്‍ പുള്ളികളെയും ജയില്‍ ജീവനക്കാരെയും കൃത്യമായ ഇടവേളകളില്‍ പരിശോധനയ്ക്ക് വിധേയം ആക്കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
അതെ സമയം കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗo വ്യാപിച്ച സമയത്ത് ജയില്‍ മോചനം ഉള്‍പ്പടെ അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും ഉന്നത അധികാര സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രൂപികൃതമായ ഉന്നതാധികാര സമിതി കഴിഞ്ഞ വര്‍ഷം ജയിലില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതി ലഭിച്ചവര്‍ക്ക് വീണ്ടും അടിയന്തിരമായി പുറത്ത് ഇറങ്ങാനുള്ള നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.