ആലപ്പുഴ മണ്ണഞ്ചേരി റീപോളിംഗ് ഡിസം. 11ന്
ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഒന്നാം ബൂത്തായ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ (പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗം) പോളിംഗ് സ്റ്റേഷനിൽ ഡിസംബർ 11ന് റീപോൾ നടക്കും. വോട്ടിംഗ് മെഷീൻ തകരാർ സംബന്ധിച്ച വരണാധികാരിയുടെ റിപ്പോർട്ടിനെ തുടർന്ന്, ഇവിടെ ഡിസംബർ 9ന് നടന്ന വോട്ടെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് വാർഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാർഡ്, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ആര്യാട് വാർഡ് എന്നിവിടങ്ങളിലേക്കാണ് റീപോൾ നടത്തുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സ്ഥാനാർത്ഥികളുടെയും പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ രാവിലെ 6 ന് മോക് പോൾ നടക്കും. വോട്ടെണ്ണൽ ഡിസംബർ 13 ന് നിശ്ചയിച്ചിട്ടുള്ള കേന്ദ്രത്തിൽ തന്നെ നടത്തും.
റീപോളിനായി കാൻഡിഡേറ്റ് സെറ്റിങ് നടത്തിയ വോട്ടിങ് മെഷീൻ നൽകി പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനിൽ അധിക പോലീസ് സുരക്ഷ ഏർപ്പെടുത്തും.
റീപോളിൽ വോട്ട് ചെയ്യുന്നവരുടെ ‘ഇടതു കൈയ്യിലെ നടുവിരലിൽ’ ആയിരിക്കും മായാത്ത മഷി കൊണ്ട് അടയാളം രേഖപ്പെടുത്തുക. ഡിസംബർ 9ന് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടിയ സാഹചര്യത്തിൽ നടുവിരലിൽ മഷിയടയാളം രേഖപ്പെടുത്തുന്നത്.
വോട്ടർമാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവധി അനുവദിക്കാൻ നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാകളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്.

