തദ്ദേശ തെരഞ്ഞെടുപ്പ്: പരാതികളും സംശയങ്ങളും പരിഹരിക്കാന്‍ ഹെൽപ്പ് ഡെസ്ക്
എല്ലാ രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും അച്ചടിശാലാ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ലഘുലേഖകൾ പോസ്റ്ററുകൾ തുടങ്ങിയവ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണം എന്ന് കൊല്ലം ജില്ലാ കളക്ടർ എൻ. ദേവിദാസ്. പെരുമാറ്റ ചട്ട നിരീക്ഷണ സമിതിയുടെ ചേംമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കവേ രണ്ട് പരാതികൾ ലഭിച്ചെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
കൈകൊണ്ട് പകർത്തിയെഴുതുന്നതൊഴിച്ച്, എല്ലാ തെരഞ്ഞെടുപ്പ് ലഘുലേഖകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും അച്ചടിച്ച പ്രസ്സ് പ്രസാധകൻ എന്നിവരുടെ പേരും വിലാസവും മുൻപേജിൽ ഉണ്ടായിരിക്കണം. അതിൻ്റെ ഒരു പകർപ്പ് സഹിതം പ്രസ്സുടമ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയക്കണം. അച്ചടിച്ച രേഖകളുടെ എണ്ണവും, ഈടാക്കിയ കൂലിയും മറ്റു ചിലവുകളും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർണ്ണയിച്ചിട്ടുള്ള ഫോമിൽ ഒപ്പ് വച്ച് രേഖപ്പെടുത്തണം. അച്ചടിച്ച രേഖകളും പ്രസ്സ് ഉടമകൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും സമർപ്പിക്കണം.
നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദ-ദൃശ്യ-അച്ചടി മാധ്യമ പ്രചാരണ വസ്തുക്കളിൽ എ.ഐ ലേബൽ കൃത്യമായി രേഖപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കും സംശയങ്ങൾക്കുമായി പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡെസ്ക് വിനിയോഗിക്കാം. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയാണ് ഹെൽപ്പ് ഡെസ്കിന്റെ നോഡൽ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയർ സൂപ്രണ്ടിനാണ് ചുമതല. 9497780415, 9744552240 താത്കാലിക നമ്പറായ 0474-2794961 മുഖേന പരാതികളും സംശയങ്ങളും അറിയിക്കാം. ആൻ്റി ഡഫേസ്മെൻറ് സ്ക്വാഡിന് ഉത്തരവായെന്നും യോഗത്തിൽ അറിയിച്ചു. സമിതിയുടെ കൺവീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സുബോധ്, അംഗങ്ങളായ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ, ഹെൽപ്പ് ഡെസ്ക് നോഡൽ ഓഫീസർ ടി സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

