തലശ്ശേരിയുടെ ഹാപ്പിനെസ്സ് പോയിന്റായി എംജി റോഡ്
തലശ്ശേരി എംജി റോഡ് സൗന്ദര്യവത്ക്കരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നിർവഹിച്ചു. തെരുവിന്റെ ഭംഗി ആസ്വദിച്ച് തെരുവിലൂടെ ആട്ടവും പാട്ടുമായി നടന്നുകൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നാട് ആഗ്രഹിക്കുംവിധം എംജി റോഡിന്റെ മുഖച്ഛായ തന്നെ മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൈതൃക നഗരത്തെ ഏറ്റവും മനോഹരമായി നിലനിർത്തേണ്ടത് ഓരോ തലശ്ശേരിക്കാരന്റെയും ഉത്തരവാദിത്തമാണെന്ന് സ്പീക്കർ പറഞ്ഞു.
കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാരൻ നട്ട ബാഓബാബ് വൃക്ഷത്തെ തലശ്ശേരിയുടെ പൈതൃക വൃക്ഷമായി പ്രഖ്യാപിച്ചുകൊണ്ട് സ്പീക്കർ ശിലാഫലകം അനാച്ഛാദനം ചെയ്തു.
നഗരസഭാ ഓഫീസ് മുതൽ പഴയ ബസ് സ്റ്റാൻഡ് കവലവരെയുള്ള റോഡും നടപ്പാതയുമാണ് നവീകരിച്ചത്. നഗരസഭയുടെ 1.75 കോടി രൂപ ഉപയോഗിച്ച് നഗരസഭാ ഓഫീസിനു മുൻവശം മുതൽ ജനറൽ ആശുപത്രി വരെ റോഡിന് ഇരുവശവും അഴുക്കുചാൽ ആഴം കൂട്ടി കോൺക്രീറ്റ് ചെയ് സ്ലാബിട്ടു. രണ്ടാംഘട്ടത്തിൽ തുറമുഖ വകുപ്പിന്റെ 2.5 കോടി രൂപ ഉപയോഗിച്ച് റോഡ് കോൺ ക്രീറ്റ് ചെയ്തു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 90 ലക്ഷം രൂപയ്ക്ക് നടപ്പാതയുൾപ്പെടെ സൗന്ദര്യവത്കരിച്ചു. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരണ പ്രവൃത്തി തുടങ്ങി. എംജി റോഡിന്റെ വശങ്ങളിൽ ചെടിച്ചെട്ടികൾ കോൺക്രീറ്റ് ചെയ്ത് പൂച്ചെടികൾ പിടിപ്പിച്ചു. നടപ്പാതയിൽ കൊരുപ്പ്കട്ട സ്ഥാപിച്ചു. ബിഇഎംപി സ്‌കൂളിന് മുന്നിൽ നടപ്പാതയിൽ കരിങ്കല്ല് കൊണ്ടുള്ള ഇരിപ്പിടമൊരുക്കി. തണൽമരങ്ങൾക്ക് ചുറ്റും ഭിത്തികെട്ടി ഇരിപ്പിടമാക്കി. അലങ്കാരവിളക്കുകൾ സ്ഥാപിച്ചു. ബ്രണ്ണൻ സ്‌കൂളിന്റെ ചുമരിൽ വ്യാപാരി വ്യവസായി സമിതിയുടെ സഹകര ണത്തോടെയുള്ള ചിത്രം വരയും ആകർഷണമായി.
ബിഇഎംപി സ്‌കൂളിന് മുന്നിലുള്ള തെരുവോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കുകയും കച്ചവടക്കാരെ ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്തെക്ക് മാറ്റുകയും ചെയ്തു.നടപ്പാതയിൽ പാർക്കിംഗ് അനുവദിക്കില്ല.
തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ, വൈസ് ചെയർപേഴ്സൺ എം വി ജയരാജൻ, സ്ഥിരം സമിതി അംഗങ്ങളായ ഷബാന ഷാനവാസ്, ടി.കെ സാഹിറ, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറി

