വികസന നേട്ടങ്ങൾ അവതരിപ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വികസന നേട്ടങ്ങൾ അവതരിപ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത് വികസന സദസ്. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം എൻ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതി, അതിദാരിദ്ര നിര്‍മാര്‍ജ്ജനം, മാലിന്യ സംസ്‌കരണം, വാതില്‍പ്പടി മാലിന്യ ശേഖരണം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍ എന്നിവ കൃത്യമായി പഞ്ചായത്തിൽ നടന്നുവരുന്നതായി വികസന സദസിൽ വിശദീകരിച്ചു. ഡിജി കേരളം, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങൾ എന്നിവയിലും ഗ്രാമപഞ്ചായത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചു.
പഞ്ചായത്തിലെ അടിസ്ഥാനസൗകര്യ, പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഡ്രൈനേജുകള്‍, തുടങ്ങിയ വികസന പ്രവൃത്തികള്‍ക്കായി 1.54 കോടി രൂപ പഞ്ചായത്ത് ചെലവഴിച്ചു. നെൽകൃഷി വികസനം, ഫലവൃക്ഷതൈ വിതരണം, നീറ്റുകക്ക വിതരണം, പച്ചക്കറി തൈ വിതരണം, കുരുമുളക് വികസനം, കവുങ്ങിൻ തൈ വിതരണം, വനിതകൾക്ക് പുഷ്‌പ കൃഷി തുടങ്ങിയ കാർഷിക ഉത്പാദന മേഖലയിലെ പദ്ധതികളിൽ നേട്ടം കൈവരിച്ചു. അങ്കണവാടി അനുപൂരക പോഷകാഹാരം, അങ്കണവാടി കലോത്സവം, ഭിന്നശേഷി കലോത്സവം, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, ഉല്ലാസയാത്ര, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ബത്ത, വനിതാ സംഗമം, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം, മെൻസ്ട്രൽ കപ്പ് വിതരണം, ഹോമിയോ ഡിസ്‍പെൻസറിയിലേക്കും ആയുർവ്വേദ ആശുപത്രിയിലേക്കും മരുന്ന് വാങ്ങൽ, നവജാത ശിശു പരിചരണം, കോക്ലിയർ ഇംപ്ലാൻറ്റേഷൻ, പട്ടികവർഗ്ഗ കോളനികളിൽ ആയുർവ്വേദചികിത്സാ പദ്ധതി തുടങ്ങിയ ആരോഗ്യ-സാമൂഹ്യ സേവന പദ്ധതികളും പഞ്ചായത്ത് നടപ്പാക്കി.
ക്ഷയരോഗ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടതിന് പുറമെ സ്വരാജ് ട്രോഫി, വാതിൽപടി മാലിന്യ ശേഖരണം, ഹരിതകർമ്മ സേന സേവനം എന്നിവ നൂറ് ശതമാനം കൈവരിച്ചു. വിവിധ വാർഡുകളിൽ മിനി എം.സി.എഫ്, വിജ്ഞാന കേരളം – തൊഴിൽമേള, തൊഴിൽ സഭ എന്നീ നേട്ടങ്ങളും പഞ്ചായത്ത് കൈവരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രാധ പുലിക്കോട് അധ്യക്ഷയായ പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, കെ.വി ഉണ്ണികൃഷ്ണൻ, വിജയൻ തോട്ടുങ്ങൽ, സിബിൽ എഡ്വാർഡ്, വത്സല നളിനാക്ഷൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി സി.കെ റസാഖ്, ഗ്രാമപഞ്ചായത്ത് സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് സി.ടി നളിനാക്ഷൻ, സി.ഡി.എസ് ചെയർപേഴ്സൺ രാധ മണിയൻ, തരിയോട് ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റുമാരായ എ.എസ് ജോർജ്ജ്, ലക്ഷ്മി രാധാകൃഷ്ണൻ, റീന സുനിൽ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേനാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

