പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ സിറ്റിംഗ് നവംബർ 15 രാവിലെ 11 ന് എറണാകുളം മറൈൻ ഡ്രൈവിലുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. വിശ്വകർമ്മ വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് അജിത്കുമാർ കെ.ജി സമർപ്പിച്ച നിവേദനം, കേരള ദളിത് ക്രിസ്ത്യൻ ജനാധിപത്യ അവകാശ സമിതി സമർപ്പിച്ച നിവേദനം, പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ ഭാഗത്ത് സ്ഥിരതാമസക്കാരായ ശെങ്കുന്തർ, കൈക്കോളൻ, കേരള മുതലി, മുതലിയാർ എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്ന ‘കൈക്കോളൻ’ വിഭാഗത്തിൽപ്പെട്ടവർക്ക് സ്കൂൾ സർട്ടിഫിക്കറ്റിൽ വിവിധ പേരുകൾ ചേർത്തിട്ടുള്ളതിനാൽ ‘കൈക്കോളൻ’ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നുള്ള പരാതി, കോനാർ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, സ്വാരസത് നോൺ ബ്രാഹ്മിൺ സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് സാരസ്വത് അസോസിയേഷൻ സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. ബെന്നറ്റ് സൈലം, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

