
നോർക്ക പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോൺക്ലേവിന് തുടക്കമായി
നോർക്ക റൂട്‌സിന്റെ ഗ്രാന്റ് ലഭിച്ച പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികൾക്കായുളള നോർക്ക റൂട്ട്‌സ് അസ്സിസ്റ്റഡ്-പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോൺക്ലേവ് 2025ന് (ആഗസ്റ്റ് 7, 8) എറണാകുളം പാലാരിവട്ടം ദി റിനൈ കൺവെൻഷൻ സെന്ററിൽ തുടക്കമായി.
പല രാജ്യങ്ങളിലേയും തൊഴിൽ സാധ്യതകളെ പ്രയോജനപ്പെടുത്താൻ ഉതകും വിധത്തിൽ ഭാഷാ പരിജ്ഞാനമുളളവരേയും നൈപുണ്യ മികവുളളവരേയും കണ്ടെത്താനോ ആ മാനവവിഭവശേഷിയുടെ അവസരം പ്രയോജനപ്പെടുത്താനോ കഴിയുന്നില്ലെന്ന് കോൺക്ലേവിന്റെയും നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (NAME) എംപ്ലോയർ രജിസ്‌ട്രേഷൻ പോർട്ടലിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ജർമ്മനിയിലെ 20,000 ത്തോളം ഡ്രൈവർമാരുടെ ഒഴിവുകളിൽ ഭാഷാ പരിജ്ഞാനമുളളവരേയും തൊഴിൽ നൈപുണ്യ മികവുളളവരേയും കണ്ടെത്താനായില്ലെന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും പുനസംയോജനത്തിനും ഉതകും വിധം കേരളത്തിലെ പ്രവാസി സഹകരണ സ്ഥാപനങ്ങൾ ഉയരണമെന്നും ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
സഹകരണ പ്രസ്ഥാനങ്ങളിലൂടെ മെച്ചപ്പെട്ട ലോകക്രമം എന്നതാണ് ലോക കോ-ഓപ്പറേറ്റീവ് വർഷമെന്ന നിലയിൽ ഇത്തവണത്തെ പ്രമേയം. പ്രവാസി സഹകരണ സ്ഥാപനങ്ങൾക്ക് അതിനാൽ തന്നെ വലിയ ചുമതല നിർവ്വഹിക്കാനാകും. ഇന്ത്യയിൽ പ്രവാസികൾക്കായി മികച്ച പദ്ധതികൾ നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം നോർക്ക പദ്ധതികളേയും സേവനങ്ങളേയും കുറിച്ച് വിശദീകരിച്ച അദ്ദേഹം ഓപ്പൺ ഫോറത്തിൽ ഉന്നയിച്ച സംശയങ്ങൾക്കും മറുപടി നൽകി.
ഉദ്ഘാടന ചടങ്ങിൽ കേരള ഇൻറ്റിറ്റ്യൂട്ട് ഫോർ എന്റർപ്രൊണർഷിപ്പ് ഡവലപ്‌മെന്റ് (KIED) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സജി എസ്, നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി സിന്ധു എസ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ നോർക്ക റൂട്ട്‌സ് എറണാകുളം സെന്റർ മാനേജർ അമ്പിളി ആന്റണി സ്വാഗതവും നോർക്ക റൂട്ട്‌സ് സെക്ഷൻ ഓഫീസർ രമണി കെ നന്ദിയും പറഞ്ഞു. സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളും രീതിയും സംബന്ധിച്ച ക്ലാസിന് സഹകരണ വകുപ്പ് മുൻ ജോ. രജിസ്ട്രാർ (റിട്ട) പി.ബി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. സംസ്ഥാനത്തെ 51 പ്രവാസി സഹകരണ സംഘംങ്ങളിൽ നിന്നുളള 140 പ്രതിനിധികൾ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) നേതൃത്വത്തിലാണ് പരിശീലനം. കോൺക്ലേവിന് നാളെ സമാപനമാകും.