
വ്യവസായ രംഗത്ത് വയനാടിന്റെ മുന്നേറ്റം; മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതിയില്‍ ഒന്നാമത്
വ്യവസായ വാണിജ്യ രംഗത്ത് വയനാട് ജില്ല മികച്ച രീതിയില്‍ മുന്നേറുകയാണ്. 2024-25 വര്‍ഷത്തെ മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതിയില്‍ സംസ്ഥാന തലത്തില്‍ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിഎംഎഫ്എംഇ പദ്ധതിയില്‍ ലക്ഷ്യം പൂര്‍ത്തികരിക്കുകയും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇയര്‍ ഓഫ് എന്റെര്‍പ്രൈസെസ് 1.0 യിലും 2.0 യിലും ജില്ല ഒന്നാം സ്ഥാനം നേടി.
വ്യവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും നിയമഭേദഗതികള്‍, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, സമയബന്ധിതവും ലളിതവും സുതാര്യവുമായ ലൈസന്‍സ് ലഭ്യമാക്കല്‍, മികച്ച സാമ്പത്തിക ആനുകൂല്യ പദ്ധതികള്‍ തുടങ്ങിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമായി വ്യവസായം വാണിജ്യ വകുപ്പ് മുന്നോട്ടു പോവുകയാണ്. കൂടാതെ, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 2653 സംരംഭങ്ങള്‍ ആരംഭിച്ച് 1881 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 5668 ലക്ഷം രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്തു.