പുസ്തകോത്സവം പ്രതിരോധത്തിന്റെ പ്രതീകം : പ്രകാശ് രാജ്
അക്ഷര മഹോത്സവത്തിന് കൊടിയിറങ്ങി
നാലാം പതിപ്പ് 2026 ജനുവരി 7-13 വരെ
അഴിമതിയുടെയും പഴിചാരലുകളുടെയും അധികാരം തട്ടിയെടുക്കലുകളുടെയും കഥകള്‍ പറയുന്ന നിയമസഭകളുള്ള രാജ്യത്ത് ഒരു നിയമസഭ ജനങ്ങള്‍ക്കായി പുസ്തകങ്ങളൊരുക്കി കാത്തിരിക്കുന്നത് അത്യപൂര്‍വവും ആനന്ദകരവുമാണെന്ന് നടന്‍ പ്രകാശ് രാജ്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയും അതിലെ അംഗങ്ങളും സര്‍ക്കാരും ഒത്തൊരുമിച്ച് ഒരു പുസ്തകോത്സവം സംഘടിപ്പിക്കുക എന്നത് ഹൃദയഹാരിയാണ്. ചുറ്റും പുസ്തകങ്ങള്‍, ധാരാളം കുട്ടികള്‍, സന്തോഷത്തോടെ നടക്കുന്ന ജനങ്ങള്‍. ഇതെല്ലാം കാണുന്നത് തന്നെ സന്തോഷമാണ്. ബിരുദം പോലുമില്ലാത്തവര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ഒരു നിയമസഭ നടത്തുന്ന പുസ്തകോത്സവം തീര്‍ച്ചയായും പ്രതിരോധത്തിന്റെ കൂടി ചിത്രമാണ്.
രാജ്യം ഭരിക്കുന്നവര്‍ ഒരു പുസ്തകം മാത്രമേ വായിച്ചിട്ടുള്ളൂ. അത് മനുസ്മൃതിയാണ്. നൂറുകണക്കിനു വര്‍ഷങ്ങൾ പഴക്കമുള്ള പുസ്തകം യാഥാര്‍ഥ്യമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷെ നമ്മള്‍ സാഹിത്യവും മനുഷ്യന്റെ പരിണാമത്തിന്റെ ചരിത്രവും വായിക്കുന്നു. കലയും സംസ്‌കാരവും സിനിമയും നാടകവും സാഹിത്യവുമാണ് മുറിവുകളുണക്കിയതും പ്രതിരോധത്തിന് കരുത്ത് നല്‍കിയതും ചരിത്രത്തെ സത്യസന്ധമായി അടയാളപ്പെടുത്തിയതും.
ഒരു സമൂഹത്തെയും അതിലെ പുതിയ തലമുറയെയും പുസ്തകങ്ങളുമായി അടുപ്പിക്കുന്നതാണ് ശരിയായ വിദ്യാഭ്യാസം. ഒരു നിയമ നിര്‍മാണ സഭ വായനയുടെയും സ്വതന്ത്രചര്‍ച്ചകളുടെയും പ്രതിരോധത്തിന്റെയും ഭിന്നാഭിപ്രായങ്ങളുടെയും പ്രാധാന്യം മനസിലാക്കി അതിനു വേദിയൊരുക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. തുടര്‍ച്ചയായി കേരളത്തില്‍ വരികയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ കേരളത്തിന്റെ മരുമകന്‍ എന്നൊരു പേരുകൂടി തനിക്ക് വീണെന്നും പ്രകാശ് രാജ് പറഞ്ഞു.
തിരുവനന്തപുരത്തെ ലോക പുസ്തക തലസ്ഥാനമാക്കുന്നതിന് യുനെസ്‌കോയുമായി ഇടപെടലുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നു നടപടികള്‍ ആരംഭിച്ചതായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. രാജ്യത്തെ ഫാസിസത്തിനെതിരായ സാംസ്‌കാരിക ചെറുത്തു നില്‍പ്പായിരുന്നു പുസ്തകോത്സവം. 3 ലക്ഷത്തോളം പേര്‍ ഇതിന്റെ ഭാഗമായി. രാജ്യത്ത് ഒരു നിയമസഭയും മുന്‍കൈയെടുക്കാത്ത പുസ്തകോത്സവം നടത്തി വിജയിപ്പിക്കാനായത് കൂട്ടായ്മയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ ആഗോളതാപനം, വിഭവങ്ങളുടെ അഭാവം തുടങ്ങി നിരവധി ഭാവിവെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുന്ന മാനവിക മൂല്യങ്ങളും ഭാവനാത്മകതയും ക്രിയാത്മകതയും വളര്‍ത്തുന്നതിനുള്ള മുതല്‍ക്കൂട്ടാണ് പുസ്തകോത്സവമെന്ന് മുഖ്യാതിഥിയായിരുന്ന ശ്രീലങ്കന്‍ എഴുത്തുകാരി വി വി പത്മസീലി പറഞ്ഞു. സാഹിത്യത്തിന്റേയും നവീനാശയങ്ങളുടേയും സര്‍ഗാത്മകതയുടേയും ആഘോഷമാണിത്. അക്ഷരങ്ങളിലൂടേയും സാഹിത്യത്തിലൂടേയും തലമുറകളുടെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുകയാണ്. വിജ്ഞാനപ്രദമായ വ്യത്യസ്ത പുസ്തകവിഭവങ്ങളൊരുക്കി ലോകത്തിലേക്ക് പറക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരം സൃഷ്ടിക്കണമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് 37 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാഭ്യാസത്തിനു കീഴിലുണ്ടെന്നും അവരെ പുസ്തകോത്സവത്തില്‍ പങ്കാളികളാക്കുന്ന കാര്യം ആലോചിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പുസ്തക വായനക്കും പത്ര വായനക്കും ഗ്രേസ് മാര്‍ക്ക് നല്‍കും. അതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. 2026 ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
പ്രകാശ് രാജിനും പത്മസീലിക്കും ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉപഹാരങ്ങള്‍ കൈമാറി. പുരാവസ്തുരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പി സി വിഷ്ണുനാഥ് എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറും ആശംസകള്‍ അര്‍പ്പിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതവും നിയമസഭാ സെക്രട്ടറി ഡോ. എന്‍ കൃഷ്ണ കുമാര്‍ നന്ദിയും പറഞ്ഞു.