നിർഭയ രചനയുടെ പച്ചത്തുരുത്താണ് കേരളം: എൻ എസ് മാധവൻ
രാജ്യത്ത് നിർഭയമായി എഴുത്ത് തുടരാനാകുന്ന പച്ചത്തുരുത്താണ് കേരളമെന്ന് എൻ എസ് മാധവൻ. ചരിത്രം ആസ്പദമാക്കി എഴുതുന്നവർ കുറയുകയല്ല, അവർ നിശ്ശബ്ദരാക്കപ്പെടുകയാണ്. ചരിത്രസത്യങ്ങളെ മായ്ചുകളയാനുള്ള ശ്രമങ്ങൾ ചുറ്റും നടക്കുന്നു. കേരളവും തമിഴ്‌നാടും പോലെ ചുരുക്കം ചില ഇടങ്ങളേ സ്വതന്ത്രമായ എഴുത്ത് അനുവദിക്കുന്നുള്ളൂ. വടക്കേ ഇന്ത്യയിൽ സത്യം എഴുതുന്നവർക്ക് താമസിക്കാൻ വീട് കിട്ടാത്ത സ്ഥിതിയാണ്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് സമാനമായ സ്ഥിതി ആയിരുന്നു. അന്നത്തെ കൂലിയെഴുത്തുകാരെ ഇന്ന് കാലം ചവറ്റുകുട്ടയിൽ തള്ളിയെന്നും അവരുടെ പേരുപോലും ഓർമകളില്ലെന്നും എൻ എസ് മാധവൻ പറഞ്ഞു. മീറ്റ് ദി ഓതർ സെഷനിൽ എസ് ഹരീഷുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
സാങ്കേതിക വിപ്ലവത്തിന്റെ കാലത്ത് വായനയ്ക്ക് എന്തുസംഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമാണ്. ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ഗ്രാഫിക് നോവലുകൾ ജനപ്രിയമായി മാറി. കലയും സാഹിത്യവും എല്ലാക്കാലവും ഒരുപോലെ നിലനിൽക്കില്ല. കലാരൂപങ്ങൾക്കും പ്രകൃതിനിയമം ബാധകമാണ്. മഹാകാവ്യങ്ങളും ആട്ടക്കഥകളും ഓപ്പറകളും ഇല്ലാതായി. കാലത്തെ പണ്ട് അടയാളപ്പെടുത്തിയിരുന്നത് കവിതാശകലങ്ങൾകൊണ്ടായിരുന്നെങ്കിൽ ഇന്നത് സിനിമാ ഡയലോഗുകൾ കൊണ്ടാണ്. അതേസമയം, ഏകാഗ്രതക്കുറവുണ്ടെന്ന് പറയുന്ന ഇന്നത്തെ കുട്ടികൾ ഹാരി പോട്ടർ പോലെ വലിയ പുസ്തകങ്ങൾ താല്പര്യത്തോടെ വായിക്കുന്നുമുണ്ട്.
എഴുത്തിലും ചലച്ചിത്രങ്ങളിലും പ്രാദേശിക ഭാഷ വിപണനമൂല്യമുള്ളതായി മാറി. ഇതിനു തുടക്കം കുറിച്ചത് എം ടി യാണ്. എം ടി യുടെ നാലുകെട്ടും ഉറൂബിന്റെ ഉമ്മാച്ചുവും തകഴിയുടെ ചെമ്മീനും പ്രാദേശിക ഭാഷാ സൗന്ദര്യം കൊണ്ടുകൂടി ചർച്ച ചെയ്യപ്പെട്ടതാണ്. എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തിയ എം ടിയുടെ എഴുത്തിൽ മാധവിക്കുട്ടിയുടെയോ ഒ വി വിജയന്റേയോ പല അടരുകളുള്ള എഴുത്തുശൈലി കാണണമെന്നില്ല. ഒ വി വിജയൻ ഖസാക്കിന്റെ ഇതിഹാസം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ ആദ്യത്തെ കുറെ ലക്കങ്ങളിൽ വിമർശനം പോലും ഉന്നയിക്കാനാവാത്ത വിധം വിമർശകലോകം സ്തബ്ധരായിരുന്നു. അപരിചിത്വം തകർത്ത് പിന്നീടത് സമൂഹത്തിൽ പടർന്നുപിടിച്ചു. മലയാളം വായിക്കാനും എഴുതാനും സാഹചര്യമില്ലാതിരുന്ന വടക്കേ ഇന്ത്യൻ പ്രവാസകാലം കഴിഞ്ഞു തിരിച്ചെത്തിയാണ് ഹിഗ്വിറ്റ എഴുതിയത്. അതിനുശേഷമുള്ള എഴുത്തിൽ അതുകൊണ്ടുതന്നെ മറ്റൊരു ശൈലി പ്രകടമായി.
ഇന്ത്യ മതേതര സ്വഭാവം കൈവരിച്ചുവെന്ന മിഥ്യാധാരണയിലായിരുന്നു നാം. ബോംബെ മുംബൈ ആയി മാറിയ കാലത്താണ് ആ വിശ്വാസം തെറ്റാണെന്ന് ആദ്യമായി ബോധ്യപ്പെട്ടത്. കേരളത്തേക്കാൾ രാഷ്ട്രീയബോധമുള്ള ജനത വടക്കേ ഇന്ത്യക്കാരാണെന്നും അവരുടെ ജീവൽപ്രശ്നങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ ഒരുക്കമല്ലെന്നും എൻ എസ് മാധവൻ പറഞ്ഞു.
പ്രമേയമാണ് എഴുത്തിന്റെ ഭാഷ നിശ്ചയിക്കുന്നതെന്ന് എസ് ഹരീഷ് പറഞ്ഞു. ഓരോ നോവലെഴുതുമ്പോഴും തന്റെ വായന മാറുന്നുണ്ട്. ചുറ്റുമുള്ള ലോകം മാറുന്നുണ്ട്. ഇവയുടെ സ്വാധീനം എഴുത്തിലുമുണ്ടാകും. എന്നാൽ പ്രമേയമാണ് പ്രധാനമായും ഭാഷ നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് തന്റെ മൂന്ന് നോവലുകളിലെയും ഭാഷ തികച്ചും വ്യത്യസ്തമായിരിക്കുന്നത്. സംഭവബഹുലമായ ‘മീശ’യിൽനിന്ന് അന്തർമുഖത്വമുള്ള ശൈലിയിലേക്ക് മറ്റു നോവലുകൾ പോയത് തന്റെ തന്നെ ഉള്ളിലുള്ള അന്തർമുഖത്വം കൊണ്ടാണെന്നും എൻ എസ് മാധവന്റെ ചോദ്യത്തിന് ഹരീഷ് മറുപടി നൽകി.