Tuesday, September 10, 2024
 
 

തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി

04 March 2024 06:25 PM

2023 വര്‍ഷത്തെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് വിതരണം ചെയ്തു


തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 2023 വര്‍ഷത്തെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ്, ഫാക്ടറി ഗ്രേഡിങ് സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമചട്ടങ്ങള്‍ എന്നിവ പാലിക്കുന്നത് ഉറപ്പാക്കുന്നതില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ പങ്ക് നിര്‍ണായകമാണ്. തൊഴിലിടങ്ങളില്‍ പരിശോധനകള്‍ നടത്തി അപകടസാധ്യതകള്‍ തിരിച്ചറിയുകയും അവ തിരുത്തുന്നതിന് വ്യവസായങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഫാക്ടറി ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലാളി സംഘടനാഭാരവാഹികള്‍ക്കും പരിശീലനവും ബോധവത്കരണ പരിപാടികളും നടത്തുന്നു.


ഫാക്ടറികള്‍ക്കായുള്ള 21 അവാര്‍ഡുകളും വ്യക്തികള്‍ക്കായുള്ള 12 അവാര്‍ഡുകളും ഉള്‍പ്പെടുത്തിയാണ് വ്യവസായിക സുരക്ഷിതത്വ അവാര്‍ഡ് നല്‍കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിയുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് പിന്തുടരാനുള്ള മാനദണ്ഡങ്ങളായി അവ പരിണമിക്കുകയും ചെയ്യുന്നു.


വന്‍കിട, ചെറുകിട ഫാക്ടറികള്‍ ഉള്‍പ്പെടെ, വ്യക്തിഗതമായും അവരവരുടെ ജോലി സ്ഥലങ്ങളില്‍ അപകടരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുളള ശ്രമങ്ങളെ സര്‍ക്കാര്‍ അഭിമാനപൂര്‍വ്വമാണ് കാണുന്നത്. എല്ലാവര്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് 2023 ലെ സംസ്ഥാന

വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡുകള്‍.


സുരക്ഷാചാമ്പ്യന്മാരെ അംഗീകരിക്കുന്നതിലൂടെ, തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം എന്നിവ പരമ

പ്രധാനമാണെന്ന വ്യക്തമായ സന്ദേശം സര്‍ക്കാര്‍ നല്‍കുകയാണ്. ഇത് ഒറ്റത്തവണ മാത്രം നടക്കുന്ന സംഭവമല്ല, ഇതൊരു കൂട്ടായ ശ്രമത്തിനു തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


തൊഴിലിടങ്ങളില്‍ നിന്നും ദിവസാവസാനം ഓരോ തൊഴിലാളിയും സുരക്ഷിതമായും സുഖമായും വീട്ടിലേക്ക് മടങ്ങുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്. സുരക്ഷിതത്വത്തെ അവഗണിക്കുന്നതിന്റെ വില വളരെ കൂടുതലാണ്. അപകടങ്ങളും പരിക്കുകളും തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ശാരീരികവും വൈകാരികവുമായ വലിയ കഷ്ടപ്പാടുകള്‍ മാത്രമല്ല,

കാര്യമായ സാമ്പത്തിക ആഘാതവും ഉണ്ടാക്കുന്നുണ്ട്. നഷ്ടമായ ഉല്പാദനക്ഷമത, വര്‍ദ്ധിച്ചു വരുന്ന ആരോഗ്യസംരക്ഷണച്ചെലവ്, വ്യവസായത്തിന്റെ പ്രശസ്തിക്ക് ഏല്‍ക്കുന്ന കോട്ടം എന്നിവ ചില പരിണിതഫലങ്ങള്‍ മാത്രമാണ്. അതിനാല്‍ നമ്മുടെ വ്യവസായങ്ങള്‍ക്കുള്ളില്‍ നിരവധി നടപടികളിലൂടെ സുരക്ഷിതത്വ സംസ്‌കാരം വളര്‍ത്തി എടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.


2023ലെ വ്യവസായിക സുരക്ഷിതത്വ അവാര്‍ഡ് കരസ്ഥമാക്കിയവര്‍ മറ്റുള്ളവര്‍ക്ക് തുടര്‍ന്നും പിന്തുടരാന്‍ മാതൃകയാണ്. ഇനിയും നിങ്ങളുടെ തൊഴില്‍ സ്ഥാപനങ്ങളില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരണം. ആരോഗ്യ സുരക്ഷിതത്വ പരിശീലനങ്ങള്‍ നടപ്പിലാക്കുകയും

സുരക്ഷയെ ഒരു ചിന്താവിഷയമായി കാണാതെ മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കണം.


എല്ലാ ദിവസവും ഓരോ തൊഴിലാളിയും സുരക്ഷിതമായി ജോലി സ്ഥലത്തു നിന്നും മടങ്ങുന്ന അപകടരഹിതമായ കേരളം നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കണം. സുരക്ഷ ഒരു നിയമപരമായ ആവശ്യകത എന്നതിലുപരിയായി ഒരു പങ്കിട്ട ഉത്തരവാദിത്തവും ജീവിതരീതിയുമാക്കി മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.


വളരെ വലിയ ഫാക്ടറികള്‍ (500 തൊഴിലാളികള്‍ക്ക് മുകളില്‍ പണിയെടുക്കുന്നവ), വലിയ ഫാക്ടറികള്‍ (251 മുതല്‍ 500 വരെ തൊഴിലാളികള്‍ പണിയെടുക്കുന്നവ), ഇടത്തരം ഫാക്ടറികള്‍ (101 മുതല്‍ 250 വരെ തൊഴിലാളികള്‍ പണിയെടുക്കുന്നവ), ചെറിയ ഫാക്ടറികള്‍ (20 മുതല്‍ 100 വരെ തൊഴിലാളികള്‍ പണിയെടുക്കുന്നവ), വളരെ ചെറിയ ഫാക്ടറികള്‍ (20 ല്‍ താഴെ തൊഴിലാളികള്‍ പണിയെടുക്കുന്നവ), മികച്ച സേഫ്റ്റി ഓഫീസര്‍, മികച്ച വെല്‍ഫെയര്‍ ഓഫീസര്‍, മികച്ച മെഡിക്കല്‍ ഓഫീസര്‍, മികച്ച സേഫ്റ്റി കമ്മിറ്റി, മികച്ച സേഫ്റ്റി വര്‍ക്കര്‍ ആന്‍ഡ് മികച്ച സേഫ്റ്റി ഗസ്റ്റ് വര്‍ക്കര്‍ എന്നിങ്ങനെ 10 കാറ്റഗറികളില്‍ ആയിട്ടാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.


ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഇന്‍സ്‌പെക്ടര്‍ ബി ആര്‍ ഷിബു സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ചെയര്‍മാന്‍ കെ എന്‍ ഗോപിനാഥ്, കേരള സംസ്ഥാന മലിനീകരണം നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എസ് ശ്രീകല, കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് എ നിസാറുദ്ദീന്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിതീഷ് ദേവരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration