ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു; ഒരു മരണം
കിഴക്കൻ ഇന്തോനേഷ്യയിലെ മോലുക്ക കടലിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം അധികൃതർ അത് പിൻവലിച്ചു. ഭൂചലനത്തിൽ തകർന്ന കെട്ടിടത്തിനടിയിൽപ്പെട്ട് നോർത്ത് സുലവേസിയിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 6:48-ഓടെയാണ് ഭൂചലനമുണ്ടായത്. കടലിനടിയിൽ 35 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ തീരപ്രദേശങ്ങളിൽ ചെറിയ തോതിൽ തിരമാലകൾ ഉയർന്നു. നോർത്ത് സുലവേസിയിലെ മനാഡോ നഗരത്തിൽ കെട്ടിടം തകർന്ന് 70 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നോർത്ത് മിനഹാസയിൽ 75 സെന്റിമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ രേഖപ്പെടുത്തി. ബിറ്റുംഗിൽ 20 സെന്റിമീറ്ററും നോർത്ത് മോലുക്കയിൽ 30 സെന്റിമീറ്ററും ഉയരത്തിൽ തിരമാലകൾ തീരത്തടിച്ചു.
ടെർനേറ്റ് നഗരത്തിൽ ഒരു പള്ളിയും രണ്ട് വീടുകളും ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പലയിടങ്ങളിലും വീടുകൾക്ക് വിള്ളലുകൾ വീണിട്ടുണ്ട്. പത്തൊൻപതോളം സെക്കൻഡ് നീണ്ടുനിന്ന ശക്തമായ കുലുക്കത്തെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി.
50-ഓളം തുടർച്ചലനങ്ങളും അനുഭവപ്പെട്ടു. പസഫിക് സുനാമി വാണിംഗ് സെന്റർ നൽകിയ മുന്നറിയിപ്പ് പിന്നീട് രണ്ട് മണിക്കൂറിന് ശേഷം പിൻവലിച്ചു. എങ്കിലും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇന്തോനേഷ്യൻ ദുരന്തനിവാരണ ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. ഫിലിപ്പീൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഭൂചലനം കാര്യമായ സുനാമി ഭീഷണി ഉയർത്തിയിട്ടില്ല.

