ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി
ലോകായുക്തയുടെ അധികാരപരിധി വെട്ടിക്കുറച്ചുള്ള സംസ്ഥാന സർക്കാരിന്‍റെ നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ ഹർജികൾ തള്ളിയ ഹൈക്കോടതി ഭേദഗതിയിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചു. ലോകായുക്ത ശുപാർശ സമർപ്പിച്ച് മൂന്നു മാസത്തിനകം നിയമസഭാ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട്ട് അംഗീകരിച്ചതായി കണക്കാക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകരെ സ്ഥാനത്തുനിന്ന് നീക്കാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച രണ്ടാം പിണറായി സർക്കാർ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഭേദഗതി രാഷ്ട്രപതി അംഗീകരിച്ച് നിയമമായതിന് പിന്നാലെ ഹൈക്കോടതിയും ഇക്കാര്യം ശരിവെച്ചത് സംസ്ഥാന സർക്കാരിനും ആശ്വാസമായി.ഭരണഘടന ഭേദഗതി അംഗീകരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, ലോകായുക്ത ശുപാർശ സമർപ്പിച്ച് മൂന്നു മാസത്തിനകം നിയമസഭാ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട്ട് അംഗീകരിച്ചതായി കണക്കാക്കാമെന്നും കോടതി ഉത്തരവിട്ടു. ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റം ആണെന്നും ഇത് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

