പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി
പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രിയും പെട്രോളിയം മന്ത്രിയും നേരത്തെ സഭയിൽ സംസാരിച്ചു. രാജ്യസഭയിൽ നാളെ നരേന്ദ്രമോദി സംസാരിക്കും. യുദ്ധം നടക്കുന്നതിലെ ആശങ്കയും അതിനെ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നുമാണ് മോദി ലോക്സഭയിലെ പ്രസ്താവനയിൽ വ്യക്തമാക്കിയത്. 25 മിനിറ്റ് നീണ്ടുനിന്നതായിരുന്നു മോദിയുടെ പ്രസ്താവന.
മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിൽ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും 3,75000 ഇന്ത്യക്കാർ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മോദി പറഞ്ഞു.

