കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി
ആർഎസ്എസും ബിജെപിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വളർച്ച നേടിയെങ്കിലും മതനിരപേക്ഷതയുടെ വിളനിലമായ കേരളം അവരെ പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അരുവിക്കര മണ്ഡലം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾ അവരെ സ്വീകരിക്കാത്തതിന്റെ വിരോധം പകയായും വിദ്വേഷമായും മാറിയെന്നും, ‘കേരളം തകരട്ടെ’ എന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിർണ്ണായക ഘട്ടത്തിൽ കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം കോൺഗ്രസും യുഡിഎഫും കേന്ദ്ര ഗവൺമെന്റിനെയും അവരുടെ ജനവിരുദ്ധ നിലപാടുകളെയും സഹായിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റേത് കേന്ദ്രത്തോടുള്ള വിനീത വിധേയത്വം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നിലപാടുകളെ പാർലമെന്റിലിരിക്കുന്ന യുഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നികുതി വിഹിതം വെട്ടിക്കുറച്ചും വായ്പാ പരിധി നിശ്ചയിച്ചും കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ ഒരക്ഷരം പോലും മിണ്ടാതെ യുഡിഎഫ് കേന്ദ്രത്തെ സഹായിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തങ്ങളിൽ പോലും അർഹമായ സഹായം നൽകാതെ കേന്ദ്രം അവഗണന തുടരുമ്പോൾ കേരളത്തിന്റെ വികാരത്തിനൊപ്പം നിൽക്കാൻ പ്രതിപക്ഷത്തിന് സാധിച്ചില്ല. കേന്ദ്രത്തിന്റെയും ആർഎസ്എസിന്റെയും അതേ വികാരമാണ് കോൺഗ്രസിനുമുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

