സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ
2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ ആരംഭിക്കും. സെൽഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതൽ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതൽ ജൂലൈ 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും. ആദ്യ ഘട്ടത്തിൽ ഭവന സെൻസസ് ആണ് നടക്കുക. ഇതിൽ താമസസൗകര്യങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീടുകളിലെ ആസ്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങൾ, സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുൽപ്പാദന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഘട്ടത്തിൽ ശേഖരിക്കും.
സെൻസസിന്‍ഖെ രണ്ടാം ഘട്ടത്തിലായിരിക്കും ജാതി സെൻസസ് നടപ്പിലാക്കുക. സെൻസസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഒന്നാം ഘട്ടത്തിനായുള്ള പ്രാഥമിക പരിശോധന 2025 നവംബറിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തി. ഒന്നാം ഘട്ടത്തിനായുള്ള മാര്‍ഗനിര്‍ദേശം 19 ഭാഷകളിൽ തയ്യാറാക്കിയിട്ടുണ്ട്. സെൻസസ് പൂർണമായും ഡിജിറ്റൽ രൂപത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണിത്. വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക മൊബൈൽ ആപ്പും സെൽഫ് ഇന്യൂമറേഷൻ പോർട്ടലും ഉണ്ടാകും.ആദ്യ ഘട്ടം ഏപ്രിൽ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30ഓടെ പൂർത്തിയാക്കും. ആദ്യ ഘട്ടത്തിൽ ഓരോ കുടുംബത്തോടും 33 ചോദ്യങ്ങൾ ചോദിക്കും. വീടിന്‍റെ നിർമ്മാണ രീതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, വീട്ടിലുള്ള വാഹനങ്ങൾ, ഇന്റർനെറ്റ് ലഭ്യത എന്നിവ ഇതിൽ ഉൾപ്പെടും.

