കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ
വിശാഖപട്ടണത്ത് ഭാര്യ ഇല്ലാതിരുന്ന സമയത്ത് കാമുകിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ സമയത്തായിരുന്നു അരുംകൊല. ഐഎൻഎസ് ദേഗയിൽ ജോലി ചെയ്യുന്ന 35 വയസ്സുകാരനായ ചിന്താട രവീന്ദ്രയാണ് 29 വയസ്സുള്ള മൗനികയെ കൊലപ്പെടുത്തിയത്. മൗനികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിക്കുകയായിരുന്നു.
2021ൽ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് രവീന്ദ്രയും മൗനികയും പരിചയപ്പെട്ടത്. പ്രണയത്തിലായ ഇരുവരും വിശാഖപട്ടണത്തെ വിവിധ സ്ഥലങ്ങളിൽ പതിവായി കണ്ടുമുട്ടാറുമുണ്ടായിരുന്നു. രവീന്ദ്രയുടെ ഭാര്യ ഏതാനും ആഴ്ചകൾക്ക് മുമ്പ് വിഴിയനഗരത്തിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഈ അവസരം മുതലെടുത്ത് ഞായറാഴ്ച ഉച്ചയോടെ രവീന്ദ്ര മൗനികയെ തന്റെ വീട്ടിലേക്ക് വിളിച്ചു. വൈകിട്ടോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും രവീന്ദ്ര മൗനികയെ കുത്തിക്കൊല്ലുകയുമായിരുന്നു. തുടർന്ന് മൃതദേഹം പല കഷണങ്ങളാക്കി മുറിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങൾ ബാഗിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച പ്രതി, ബാക്കി ഭാഗങ്ങൾ തന്റെ വീട്ടിലെ ഫ്രിജിലാണ് സൂക്ഷിച്ചത്.
കൃത്യത്തിനു ശേഷം രവീന്ദ്ര തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും തങ്ങൾ തമ്മിലുള്ള ബന്ധം ഭാര്യയോട് പറയുമെന്ന് പറഞ്ഞ് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

