
'സ്‌കൂൾ സമയമാറ്റം തുടരും'; വി ശിവന്‍കുട്ടി
ഹൈസ്‌ക്കൂള്‍ സമയമാറ്റം തുടരുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കോടതി വിധിയും വിദ്യാഭ്യാസ ചട്ടക്കൂടും അനുസരിച്ചാണ് രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും അധികമെടുക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളും പരാതികളും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവിധ മാനേജ്‌മെൻ്റുകളുമായി യോഗം ചേര്‍ന്നെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടെന്നും സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ച് പറഞ്ഞെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടു. ഏത് സാഹചര്യത്തിലാണ് തീരുമാനം കൈക്കൊണ്ടത് എന്ന് വിശദീകരിച്ചു. ഭൂരിപക്ഷം ആള്‍ക്കാരും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. നിലവില്‍ എടുത്ത തീരുമാനങ്ങളുമായി മുന്നോട്ടു പോകും. അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ അന്നത്തെ സാഹചര്യം വെച്ച് പരിശോധിക്കും. സമയമാറ്റം തുടരും. അവരെ പറഞ്ഞു മനസ്സിലാക്കി', വി ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്ത ഉപാധികളൊന്നും വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഉപാധികള്‍ ഉണ്ടെങ്കിലും അത് ഇവിടെ പറയാന്‍ കഴിയില്ലെന്നും ഇതില്‍ ആരും ഉതകണ്ഠപ്പെടേണ്ട കാര്യമില്ലെന്നും 15 മിനിറ്റിന്റെ കാര്യമല്ലേ ഉള്ളൂവെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ഹയര്‍സെക്കന്ററി പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ജനകീയ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമായെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമായി ആയിരത്തിലധികം പേര്‍ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. എസ്‌സിഇആര്‍ടി 80 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് ആദ്യം പരിഷ്‌കരിക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് സമയം നീട്ടിയത്. സമയം വര്‍ധിപ്പിച്ചതില്‍ പുനഃരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഉത്തരവ്.