
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
കണ്ണൂരില്‍ ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയില്‍ മാറ്റം ജയില്‍ വകുപ്പ് തീരുമാന പ്രകാരമാണ്.
ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു ജയില്‍ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴി. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്‌ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. അടുത്തിടെ വരെ സെല്ലില്‍ ഇയാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഒരു തമിഴ്‌നാട്ടുകാരന്‍ കൂടി ഈ സെല്ലില്‍ ഉണ്ട്.
ഒന്നരമാസം മുന്‍പ് തന്നെ ഗോവിന്ദച്ചാമി ജയില്‍ ചാടാനായി പദ്ധതിയിട്ടിരുന്നു. ഒപ്പം ചാടാന്‍ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാന്‍ കഴിയാത്തതിനാല്‍ പുറത്ത് കടക്കാന്‍ കഴിഞ്ഞില്ലെന്നും തടവുകാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.