
മൈസൂർ പാക്ക് ഇനി ‘മൈസൂർ ശ്രീ’
ഇന്ത്യ–പാക്ക് സംഘർഷത്തിനിടെ ‘മൈസൂർ പാക്കി’ന്റെ പേരു മാറ്റി ജയ്പുരിലെ വ്യാപാരികൾ. മൈസൂർ ശ്രീയെന്നാണ് പുതിയ പേര്. മൈസൂർപാക്കിലെ ‘പാക്ക്’ ഒഴിവാക്കുകയാണെന്ന് വ്യാപാരികൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മൈസൂരിലെ പ്രധാനപ്പെട്ട മധുര പലഹാരമാണ് മൈസൂർ പാക്ക്. ഇതിന് പാക്കിസ്ഥാനുമായി ബന്ധമൊന്നുമില്ല. മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നു പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
മൈസൂരുകാരുടെ സ്വകാര്യ അഹങ്കാരമാണ് മൈസൂർ പാക്ക്. മൈസൂരു രാജകൊട്ടാരത്തിന്റെ അടുക്കളയിൽ ജന്മംകൊണ്ട ഈ മധുരപലഹാരം ലോകപ്രസിദ്ധമാണ്. ചുരുക്കം ചേരുവകൾ കൊണ്ട് വളരെയെളുപ്പത്തിൽ തയാറാക്കാനാകും. കടലപ്പൊടി, പഞ്ചസാര, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പലഹാരം തയാറാക്കുന്നത്.