
തിരുവനന്തപുരത്ത് 9 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഒമ്പത് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വെങ്ങാനൂർ ചാവടിനട സ്വദേശി ആദർശ് ആണ് എക്സൈസിന്റെ പിടിയിലായത്. അപ്പൂസ് എന്ന വൈഷ്ണവ് രക്ഷപ്പെട്ടു. ബാലരാമപുരം ഭാഗത്ത് വച്ച് സംശയാസ്പദമായി കണ്ട ബൈക്കിനെ തടഞ്ഞ് നിർത്തി പരിശോധന നടത്തുന്നതിനിടെയാണ് വൈഷ്ണവ് രക്ഷപ്പെട്ടത്. പിടിയിലായ ആദർശ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രക്ഷപ്പെട്ട വൈഷ്ണവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വൈഷ്ണവിശന്റ സഹോദരന്റെ കാറിന്റെ ഡിക്കിക്കുള്ളിൽ 5 കവറുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. അഞ്ച് ദിവസം മുമ്പ് ആന്ധ്രയിൽ നിന്നും കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതി മൊഴി നൽകി. ഇവയ്ക്ക് വിപണിയിൽ 3 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുപുറം എക്സൈസ് റേഞ്ച് ഓഫീസർ രതീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചെറിയ പൊതികളാക്കി വിൽപ്പന നടത്തുകയാണ് ഇവരുടെ പതിവ്. ആദർശ് മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.