പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നില്‍ രാസമാലിന്യം; ഉണ്ടായിരിക്കുന്നത് വലിയ പാരിസ്ഥിതിക ആഘാതം
പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നില്‍ രാസമാലിന്യമെന്ന് ഫിഷറീസ് വകുപ്പിന്റെ കണ്ടെത്തല്‍ . വലിയ പാരിസ്ഥിതക ആഘാതമാണ് ഉണ്ടായിരിക്കുന്നതെന്നും വിദഗ്ധ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ഇന്ന് ഫിഷറീസ് മന്ത്രിക്ക് കൈമാറും.
പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതി അന്വേഷിക്കുന്ന ഫിഷറീസ് വകുപ്പിന്റെ വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് സള്‍ഫര്‍ അടക്കമുള്ള രാസമാലിന്യം കലര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. പെരിയാറിലെ മത്സ്യക്കുരുതിയില്‍ പത്ത് കോടിയോളം രൂപയുടെ നഷ്ടമെന്നാണ് ഫിഷറീസിന്റെ പ്രാഥമിക കണക്ക്. മത്സ്യ കര്‍ഷകര്‍ക്കായി ദീര്‍ഘകാല കരുതല്‍ നടപടിയും ഫിഷറീസ് വകുപ്പ് വിദഗ്ധ സംഘം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അതിനിടെ മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഏലൂര്‍ നഗരസഭ നോട്ടീസ് അയച്ചു. പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ ലഭിച്ച ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് ഏലൂര്‍ നഗരസഭ അധ്യക്ഷന്‍ പ്രതികരിച്ചു. എറണാകുളം സബ് കളക്ടര്‍ മത്സ്യകര്‍ഷകരില്‍ നിന്ന് ഇന്ന് നാശനഷ്ടത്തിന്റെ കണക്ക് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും ധനസഹായം തീരുമാനിക്കുക.