നിപ; ആശങ്കയൊഴിയുന്നു : നാലുപേരെ ഡിസ്ചാർജ് ചെയ്തു
കൊച്ചി : നിപ വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിരീക്ഷണത്തില്‍ കഴിയുന്ന 11 പേരില്‍ നാല് പേരെ ഡിസ്ച്ചാര്‍ജ് ചെയ്തു. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രോഗി അമ്മയുമായി സംസാരിച്ചുവെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ രക്തവും സ്രവങ്ങളും വീണ്ടും നടത്തിയ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലാതായതായി കണ്ടെത്തിയിരുന്നു.
കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേക ലാബില്‍ പുനെയില്‍ നിന്നുള്ള വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയത്. പൂര്‍ണമായും വൈറസ് സാന്നിധ്യം ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. നിപ നിയന്ത്രണ വിധേയമായെങ്കിലും ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.