മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം; ഇബ്രഹിം കുഞ്ഞിനെതിരെ ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതി മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു വിമര്‍ശനം. ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ കിടന്ന് ഒരു സംഘടനയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് പറയുന്നതില്‍ കഴമ്ബില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് വിജിലന്‍സ് കോടതിയില്‍ വിവരം അറിയിച്ചത്.
മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റിയിലേക്ക് മത്സരിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ഉദ്ദേശിക്കുന്നതെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയതായും വിജിലന്‍സിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. വിജിലന്‍സിന്റെ വിശദീകരണം കേട്ടതോടെ കോടതി പ്രതിക്കെതിരെ തിരിഞ്ഞു. നോമിനേഷന് നല്‍കാം എങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
'ആരോഗ്യ കാരണം മാത്രം കണക്കിലെടുത്താണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിങ്ങള്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ ഉദേശിക്കുന്നതായി കാണുന്നു. നോമിനേഷന് നല്‍കുന്നന്നത് ജയിലില്‍ പോയിട്ടും ആകാം,' കോടതി വ്യക്തമാക്കി.
മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് ബോധിപ്പിച്ചു. ആശുപത്രിയില്‍ നിന്നാണ് നോമിനേഷനില്‍ ഒപ്പിട്ടത്. വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണം. കീഴ് കോടതിയില്‍ ജാമ്യപേക്ഷ സമര്‍പിച്ചിട്ടില്ല.ഒപ്പിടാനുള്ള പെര്മിഷന് മാത്രമാണ് ചോദിച്ചതെന്നും ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചു വരാന്‍ പറ്റും എന്ന് തോന്നുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഇബ്രാഹിംകുഞ്ഞിനോട് കോടതി നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.