തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കോടിയേരി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന തീരുമാനം തികച്ചും വ്യക്തിപരമാണ്. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി പറയുമെന്നും കോടിയേരി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കോടിയേരി പറഞ്ഞു. തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചവര്‍ മാറും. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവുനല്‍കേണ്ടി വരും. ചില മണ്ഡലങ്ങളില്‍ വിജയസാധ്യതയായിരിക്കും പ്രധാന ഘടകമെന്നും 'മാതൃഭൂമി'ക്ക് നല്കിയ അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു.
അതേസമയം, വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് കോടിയേരി പ്രതികരിച്ചിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിന്നത്. താല്‍ക്കാലിക സെക്രട്ടറി എ.വിജയരാഘവനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് 2018 ല്‍ കോഴിക്കോട് സമ്മേളനവും കോടിയേരി സെക്രട്ടറിയായി തുടരാന്‍ തീരുമാനിച്ചു.