വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി അഭിഭാഷകന്
കൊച്ചി: സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. മെയ് ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ഡൗണ്‍ വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
രാജ്യത്താകെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിവസത്തില്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാനാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെടുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിനു ശേഷം പരിഗണിക്കും. ഇതിനായി സര്‍ക്കാരിനോട് കോടതി പ്രതികരണം തേടി. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും.