കേന്ദ്രാനുമതി ലഭിച്ചാല്‍ ഒക്ടോബറില്‍ ക്ലാസുകള്‍ തുടങ്ങാനൊരുങ്ങി കര്‍ണാടക
ബംഗളൂരു: കര്‍ണാടകത്തില്‍ കോളേജുകള്‍ തുറക്കാന്‍ നടപടി ആരംഭിച്ചു. കോളേജുകളില്‍ ഓണ്‍ലൈന്‍ ഡിഗ്രി ക്ലാസുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന് അറിയിച്ചു. നേരിട്ടുള്ള ക്ലാസുകള്‍ ഒക്ടോബറില്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ വന്നാല്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകും. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകളും നടത്തും. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി അധ്യയനം ആരംഭിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള ക്വാറന്റൈന് നേരത്തെ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളും വ്യക്തികളുടേയും ചരക്കുകളുടേയും സുഗമമായ നീക്കം ഉറപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് എല്ലാത്തരം യാത്രാ നിയന്ത്രണങ്ങളും കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചത്. രാജ്യത്തെ എതു സംസ്ഥാനത്തും നിന്നും കര്‍ണാടകയിലേക്ക് നേരിട്ട് പ്രവേശിക്കാം. അതിര്‍ത്തികളില്‍ നടത്തി വന്ന മെഡിക്കല്‍ ചെക്കപ്പുകളും നിര്‍ത്തി.