ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യധാന്യ തട്ടിപ്പ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്ഷന്
കുട്ടനാട് :വെള്ളപ്പൊക്ക ദുരാതാശ്വാസ ക്യാമ്പിലേക്ക് എത്തിയ ഭക്ഷ്യധാന്യങ്ങള്‍ സിപിഎം പഞ്ചായത്ത് പ്രതിനിധിയും ബ്രാഞ്ച് സെക്രട്ടറിയും ചേര്‍ന്ന് തിരിമറി നടത്തിയതായി ആരോപണം. എല്‍.ഡി.എഫ് ഭരിക്കുന്ന നീലംപേരൂര്‍ പഞ്ചായത്തിലെ ദുരതിശ്വാസ ക്യാമ്പിലെ പ്രവര്‍ത്തനത്തിലാണ് അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്.
ദുരിതബാധിതര്‍ക്ക് എത്തിച്ച ഭക്ഷ്യധാന്യങ്ങള്‍ സിപിഎം നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി.സുകുമാരന്റെ വീട്ടില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. നീലംപേരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലാണു സംഭവം. നാട്ടുകാരുടെ പരാതിയില്‍ കൈനടി പൊലീസ് അന്വേഷണം തുടങ്ങി.വീടുകളില്‍ വെള്ളം കയറിയവര്‍ക്കുള്ള പൊതു ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക് അതതു വാര്‍ഡിലെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ച് എത്തിക്കുന്നത്.
മൂന്നാം വാര്‍ഡില്‍ നിന്നുള്ള പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രിനോ ഉതുപ്പാന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസില്‍ നിന്നു ശേഖരിച്ച ഭക്ഷ്യധാന്യങ്ങളില്‍ കുറവ് കണ്ടതിനെത്തുടര്‍ന്നു നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ പ്രിനോ ഉതുപ്പാന് കുറ്റം സമ്മതിച്ചു. 3650 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ വിറ്റതായി സമ്മതിച്ച അദ്ദേഹം തുക നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഭക്ഷണവിതരണ കേന്ദ്രത്തിന്റെ കണ്‍വീനര്‍ക്കു കൈമാറി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ കെ.പി.സുകുമാരന്റെ വീട്ടില്‍ സൂക്ഷിച്ചതായി കണ്ടെത്തിയത്. സുകുമാരനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ഏരിയ സെക്രട്ടറി ജി.ഉണ്ണിക്കൃഷ്ണന് പറഞ്ഞു. പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് (സ്കറിയ) വിഭാഗത്തിന്റെ പ്രതിനിധിയാണ് വൈസ് പ്രസിഡന്റ് പ്രിനോ ഉതുപ്പാന്. എന്നാല്‍, സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു പറഞ്ഞു.