ബിഹാറില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം വെടിയേറ്റ് കൊല്ലപ്പെട്ടു
പാട്ന: ബിഹാറില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം വെടിയേറ്റ് മരിച്ചു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം സ്ഥാനാര്ത്ഥിയായിയും കര്‍ഷക നേതാവുമായ ജഗ്ദീഷ് ചന്ദ്ര ബസുവാണ് ഖഗാരിയയില്‍ വെച്ച് കൊല്ലപ്പെട്ടത്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കടക്കം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജഗ്ദീഷ് ബസു 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഖഗാരിയ മണ്ഡലത്തില്‍ നിന്ന് 24,490 വോട്ടുകളും നേടിയിരുന്നു. ഖഗാരിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അഖിലേന്ത്യ കിസാന്‍ സഭയുടെ ജില്ലാ സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട ജഗ്ദീഷ്. കിസാന്‍ സഭയുടെ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ്.
ഇദ്ദേഹത്തിന് നേരത്തെ വധഭീഷണികളുണ്ടായിരുന്നു. ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിര്‍ത്തത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബിഹാറില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സി.പി.ഐ.എം നേതാവാണ് ജഗദീഷ് ചന്ദ്ര ബസു. ഫെബ്രുവരി 18ന് പാര്‍ടിയുടെ ബെഗുസരായി ജില്ലാക്കമ്മിറ്റിയംഗം രാജീവ് ചൗധരി കൊല്ലപ്പെട്ടിരുന്നു.
കോവിഡ് 19 കാരണം രാജ്യം ലോക്ക് ഡൗണിലായിരിക്കുമ്പോള്‍ സംസ്ഥാന
സര്‍ക്കാര്‍ അക്രമികളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണെന്ന് സി.പി.ഐ.എം
സംസ്ഥാന കമ്മിറ്റി ആരോപിച്ചു.