ചിറ്റൂര്‍ ബ്ലോക്ക് തല ആശയവിനിമയ സദസ്സ് ഉദ്ഘാടനം ചെയ്തു
പ്രകൃതി പാഠം ചിറ്റൂര്‍ ബ്ലോക്ക് തല ആശയവിനിമയ സദസ്സിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. പ്രകൃതി വിഭവ സംരക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തും ഭുവിനിയോഗ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ വണ്ണാമടയില്‍ പ്രമുഖ കര്‍ഷകനായ രഘുനാഥ ഗൗണ്ടറുടെ കൃഷിയിടത്തില്‍ വെച്ചായിരുന്നു പരിപാടി.
ഓരോ കര്‍ഷകനും തങ്ങളുടെ കൃഷിയിടത്തിന്റെയും വിളകളുടെയും പ്രത്യേകതകള്‍ക്കനുസൃതമായി മുന്‍നിര്‍ത്തി വ്യക്തിഗത ഉല്‍പാദന പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ പ്രാധാന്യം മന്ത്രി ചടങ്ങില്‍ പ്രസ്താവിച്ചു.മണ്ണ് സംരക്ഷണം, കൃത്യതാ കൃഷി, മൈക്രോ ഇറിഗേഷന്‍ തുടങ്ങിയ ആധുനിക കൃഷി രീതികളുടെ ആവശ്യകതകളും അവയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.
അശാസ്ത്രീയമായ ഭൂവിനിയോഗ മാറ്റങ്ങള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുക, തനതായ ഭൂവിനിയോഗ രീതികള്‍ നിലനിര്‍ത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘പ്രകൃതി പാഠം’ ആശയവിനിമയ സദസ്സ് സംഘടിപ്പിച്ചത്.നൂറോളം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രകൃതി വിഭവ പരിപാലനം, കാലാവസ്ഥാ വ്യതിയാനം, മണ്ണ് സംരക്ഷണം, രോഗകീട നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ആശയവിനിമയ സദസ്സ് നടന്നു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത അധ്യക്ഷയായി.

